നന്മകളുടെയും ബന്ധങ്ങളുടെയും വേരുകള്‍ അറ്റുപോകുന്ന കാലത്തും ഒരു ഗുരു ശിഷ്യ ബന്ധത്തിന്റെ മാധുര്യമൂറുന്ന ചില നിമിഷങ്ങല്‍ക്കു സാക്ഷിയാകാന്‍ ദൈവം തന്ന അനുവാദത്തിനായി നന്ദി.
എം എച് ശാസ്ത്രി എന്ന തന്റെ ഗുരുവിനെ, തിരുവനന്തപുരം സംസ്കൃത കോളേജില്‍ നടന്ന അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആക്ഹോഷവേളയില്‍ കാണാനുള്ള അവസ്സരം നഷ്ടപ്പെട്ടത് എന്റെ പിതാവിനെ വളരെയധികം സങ്കടപ്പെടുത്തി. അങ്ങനെയിരിക്കുമ്പോളാണ് അദ്ദേഹം പങ്കെടുക്കുന്ന, ഇത്തവണത്തെ സീനിയര്‍ സിറ്റിസണ്‍ നാഷണല്‍ സ്പോര്‍ട്സ് മീറ്റ് ബംഗ്ലൂരിലാണെന്ന വാര്‍ത്തയറിഞ്ഞത്.
എണ്‍പത്തിരണ്ടുകാരനായ എന്റെ പിതാവ്, നൂറു വയസ്സുകാരനായ തന്റെ ഗുരുവിനെക്കാനാനുള്ള അടുത്ത അവസ്സരത്തിനായി ഒരുക്കം ആരംഭിച്ചു. തിരുവനന്തപുരം സംസ്കൃത കോളജിലെ പ്രിന്സിപ്പളില്‍നിന്നും ഗുരുവിന്റെ ബംഗ്ലൂരിലെ മേല്‍വിലാസവും, അദ്ദേഹത്തിന്റെ മകന്റെ ഫോണ്‍ നമ്പരും കൈവശമാക്കി.
പിന്നീട് നീണ്ട മാസങ്ങളുടെ കാത്തിരുപ്പുവേളയില്‍ പലപ്രാവശ്യം എം എച് ശാസ്ത്രി എന്ന തന്റെ ഗുരുവിനെപ്പറ്റിയും, അദ്ദേഹത്തിന്റെ ക്ലാസുകളെപ്പറ്റിയും, ബഹുമാനത്തോടെയും അഭിമാനത്തോടെയും എന്റെ പിതാവു പറയുന്നത് ഞാന്‍ വിസ്മയത്തോടെ കേട്ടു. എന്നെയും കൂട്ടി ആ മഹാവ്യക്തിയെ കാണാന്‍ പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
കഥയെല്ലാം കേട്ട ഞാന്‍, ഈ ഗുരു ശിഷ്യ സംഗമംവരെ രണ്ടുപേരുടെയും ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരുംചേര്‍ന്ന് ഫെബ്രുവരി മാസം 27 -ആം തീയതി, ബംഗ്ലൂരില്‍, ഗുരുവിന്റെ മകന്‍ എം ജീ മഹാദേവന്റെ ഭവനത്തിലെത്തി. കിടപ്പിലാണെന്നും, തന്നെ തിരിച്ചറിയാന്‍ സാധ്യതയില്ലെന്നും അറിഞ്ഞിരുന്നെങ്ങിലും, ഒരുനോക്കു കാണുവാനും അനുഗ്രഹം വാങ്ങുവാനും വേണ്ടി ശിഷ്യന്‍ ഗുരുവിന്റെയടുത്തെത്തി.
കിടക്കയിലായിരുന്ന ഗുരുവിന്റെ ശോഷിച്ച കാലുകള്‍ രണ്ടും തന്റെ രണ്ടു കൈകള്‍കൊണ്ടും തൊട്ട്, കുറച്ചുനേരം അനുഗ്രഹത്തിനായി ശിരസ്സുനമിച്ചു ധ്യാനനിരതനായി നിന്നു. ഒരു കൊച്ചു കുഞ്ഞിനെയെന്നവണ്ണം മകന്‍ അച്ഛനെ താങ്ങി കട്ടിലില്‍ ഇരുത്തി. മകനും ശിഷ്യനും ഇടത്തും വലത്തും ഇരുന്നു. ബ്രാഹ്മണ ഭാഷയില്‍ മകന്‍ പറഞ്ഞു "അപ്പാ, യാര്‍ വന്തിരുക്കിരാങ്ക പാരുങ്കോ. തിരുവനന്തപുരം സംസ്കൃത കോളജിലെ ഉങ്ക പഴയ സ്റ്റുഡന്റ്റ് വന്തിരുക്കിരാങ്ക".
വളരെ വിഷമിച്ചു തലപൊക്കി, ഗുരു തന്റെ ശിഷ്യനെ നോക്കിയ നിമിഷം എന്നും എന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കും. തന്റെ ചോദ്യങ്ങള്ക്കു ഒന്ന് രണ്ടു വാക്കുകളില്‍ ഉത്തരം നല്‍കി, രണ്ടാം ബാല്യത്തിന്റെ നിഷ്കളങ്കതയിലിരിക്കുന്ന പിതാവിനെ, ഒരു മകനെ എന്നപോലെ മാറോടു ചേര്‍ത്ത് പിടിച്ച്, പുറം തടവിക്കൊടുക്കുമ്പോള്‍ മഹാദേവന്‍ സാറിന്റെ കണ്ണുകള്‍ നനഞ്ഞു. ഒപ്പം ഒരു വലിയ ജീവിതത്തിന്റെ സായാഹ്നം ഞങ്ങളുടെ മനസ്സുകളും വിവരിക്കാനാവാത്ത ഒരു വിഷാദം കൊണ്ടു മൂടി.
അധികസമയം ഗുരുവിനു ഇരിക്കാന്‍ കഴിഞ്ഞില്ല. മഹാദേവന്‍ സാര്‍ അച്ഛനെ താങ്ങി കിടത്തി. "സാറേ, ഞാന്‍ പൊയ്ക്കോട്ടേ?" ഒരിക്കലും കരയാത്ത എന്റെ പിതാവ്, ഗുരുവിന്റെ കാലുകള്‍ പിടിച്ച് നിസ്സഹായനായി കുറേനേരം നിന്നു. പിന്നീട്, ഒഴുകുന്ന കണ്ണുകള്‍ തുടച്ച്, ഗുരുവിനെ വന്ദിച്ച്, അദ്ദേഹം ആ മുറിയില്‍നിന്നും പുറത്തേക്കിറങ്ങി. ഗുരു ശിഷ്യ സംഗമവും വേര്‍പാടും കണ്ട് മഹാദേവന്‍ സാറും, സാറിന്റെ പത്നിയും, ഞാനും കരഞ്ഞുപോയി.
പിന്നീട് സ്വീകരണമുറിയില്‍, ഒരു മണിക്കൂറോളം ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ, മകന്റെയും, ശിഷ്യന്റെയും വാക്കുകളില്‍ക്കൂടി, പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആ വലിയ ജീവിതത്തെപ്പറ്റി കേട്ടു. ഒരു സംസ്കൃത സാമ്രാജ്യമാണ് ഗുരുവെന്നും, അദ്ദേഹം ഈ ഭൂമിയില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു യുഗമാണെന്നും എനിക്ക് മനസ്സിലായി. വലിയ വലിയ മഹാത്മാക്കളെ നഷ്ട്ടപ്പെട്ട ലോകം ഇന്നും നിലനില്‍കുന്നത് അവര്‍ എഴുതിവെച്ച, അവരുടെ അറിവിന്റെ ഒരു ഭാഗം മാത്രം ഉള്‍ക്കൊള്ളുന്ന ചില പുസ്തകങ്ങളില്‍ക്കൂടി മാത്രമാണ്.
ഒരിക്കലും ഒരു കൂടിക്കാഴ്ചയ്ക്കു വഴിയില്ലെന്നറിഞ്ഞു ഗുരുവിനെ വിട്ടു പടിയിറങ്ങുമ്പോള്‍ മൌനം മാത്രം കൂട്ടുനിന്നു. ഒപ്പം, കുറെ ഓര്‍മകളും. ഒരു ഗുരുവിനെ ദര്‍ശിക്കാന്‍, അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ഇത്രയും വ്യഥ ഞാന്‍ ആരിലും കണ്ടിട്ടില്ല. എണ്‍പത്തിരണ്ടാം വയസ്സിലും ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പി എസ് ജോണ്‍, ഇത്രയും കടമ്പകള്‍ താണ്ടി ഗുരുസന്നിധിയിലെത്തിയത്തില്‍ അതിശയിക്കാനില്ല. എന്നും ബഹുമാനത്തോടെ ഞാന്‍ സ്നേഹിച്ചിരുന്ന എന്റെ പിതാവിനെപ്പറ്റി എനിക്ക് വളരെ വളരെ അഭിമാനം തോന്നി. ഒപ്പം, ഇത്രയും ത്യാഗം സഹിച്ചു കൊതിയോടെ വന്ന് ഒരുനോക്കു കാണുവാന്‍ മാത്രം ശിഷ്യമനസ്സില്‍ ഇടം പിടിച്ച മഹാനായ ഗുരുവിനെപ്പറ്റി അത്ഭുതവും ആരാധനയും.
ഗുരുവിന്റെ വേര്‍പാട് എന്നെ അറിയിക്കാന്‍ ഫോണില്‍ വിളിച്ച ശിഷ്യന്റെ ശബ്ദത്തില്‍ നഷ്ടബോധം കലങ്ങിയിട്ടുണ്ടായിരുന്നു. അനുശോചനം അറിയിക്കാന്‍ വിളിച്ചപ്പോള്‍ കേട്ട മഹാദേവന്‍ സാറിന്റെ ശബ്ദം എന്നെ ഒന്നുകൂടി ഗുരുസന്നിധിയിലെത്തിച്ചു . ഒന്നും ബാക്കിയില്ലാത്ത ആ മുറിയില്‍നിന്നും, പിതാവിന്റെ ആഗ്രഹപ്രകാരം ഞാന്‍ എടുത്ത ഒരു ചിത്രം മാത്രം ബാക്കി. മകന്റെയും ശിഷ്യന്റെയും നടുവിലിരിക്കുന്ന ഒരു മഹാത്മാവിന്റെ ഛായാപടം.
ഒരു ശിഷയും ഗുരുവുമായ എന്നെ, ഗുരുശിഷ്യ ബന്ധത്തിന്റെ അന്തസത്ത പഠിപ്പിച്ചു തന്ന ആ നല്ല ദിവസ്സത്തിനായി സര്‍വ്വേശ്വരനു വീണ്ടും നന്ദി.
മഹാനായ വലിയ ഗുരുവിന് വന്ദനം. വളരെയധികം വേദനയോടെ, വിട. "ഗുരവേ നമ:"
No comments:
Post a Comment
Your comments are welcome...